നമ്മള് മലയാളികളെ സംബന്ധിച്ച് എന്ത് ഭക്ഷണം വിളംബുമ്പോഴും കഴിക്കുമ്പോഴും അതിനോടൊപ്പം തന്നെ നമ്മൾ അറിയാതെ കുറച്ചു ഓർമകളും ഗൃഹാതുരതയും കടന്നു വരും. അതിന്റെ കാരണം ചികഞ്ഞാൽ അറിയാം വളരെ ആഴത്തിൽ വേരോടിയ ഒരു ഭക്ഷണ സംസ്കാരം അവകാശപ്പെടാൻ കഴിയുന്നവരാണ് നമ്മൾ. വിഭവസമൃദ്ധമായ ഇലയിലെ ഊണും, കപ്പയും ബീഫും, കരിമീൻ പൊള്ളിച്ചതും, താറാവ് മപ്പാസും എല്ലാം അടക്കം അതിവിപുലമായ തനതായ ഒരുപാടു വിഭവങ്ങൾ നമ്മുടേതായുണ്ട്. ഇതിനെല്ലാം പുറകിൽ ഒരു ചരിത്രവും, ധാരാളം കഥകളും ഉണ്ട്. കേരളത്തിന്റെ ഭൂപ്രകൃതി നോക്കിയാൽ കടലിനോടു ചേർന്ന് കിടക്കുന്ന ഒരു ഭാഗം. അതുപോലെ സഹ്യപർവത മലനിരകളാൽ ചുറ്റപ്പെട്ട മറുഭാഗം.വളരെ പ്രത്യേകതകൾ ഉള്ള, മറ്റെല്ലാവരിലും നിന്ന് നമ്മെ പൂർണമായും വേർപെടുത്തുന്നൊരു ഭൂപ്രകൃതിയാണ് അത്. തനതായ ഒരു ഭക്ഷണ സംസ്ക്കാരം ഉടലെടുക്കാൻ ആ ഭൂപ്രകൃതി വലിയൊരു ഘടകമായിട്ടുണ്ട്.സൂക്ഷ്മമായി നിരീക്ഷിച്ചാൽ അറിയാം, മീൻ ഇല്ലാതെ ഊണ് കഴിക്കില്ല എന്ന് വാശി പിടിക്കുന്ന മലയാളികൾ എല്ലാം അതിന്റെ ഭാഗമായി ഉണ്ടായതാണ്. നമ്മുടെ കുരുമുളകും, ഏലവും, കറുവപ്പട്ടയും, ഗ്രാമ്പുവും മറ്റു പല സുഗന്ധ ദ്രവ്യങ്ങളും കാലാകാലങ്ങളായി അന്വേഷിച്ചു കടലു കടന്നു വന്നവർ ചരിത്രത്താളുകളുടെ ഭാഗമാണ്. അങ്ങനെയുള്ള കേരളത്തിന്റെ ഭക്ഷണസംസ്കാരത്തിന്റെ ചരിത്ര വഴികളെ അറിയുവാനും, പലതരം പ്രാദേശിക വിഭവങ്ങളുടെ വിവരങ്ങളും, ഭക്ഷണസംബന്ധമായ ഓർമകളും, രസകരമായ കഥകളും, രുചിക്കൂട്ടുകളും പങ്കുവെക്കുവാനും ഉള്ള ഒരു ശ്രമമാണ് ഇത്.